
യു.എ.ഇയിലെ യു.എസ് താവളങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഇറാൻ മിസൈലുകൾ. ഇവ നിർവീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. മിസൈലുകൾ നിർവീര്യമാക്കിയ ശബ്ദങ്ങളായേക്കാം എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാൻ അനുകൂല വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രൂത്ത്ഫുൾ പ്രോമിസ് 4 എന്ന പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ, ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഖത്തറിലെയും യുഎഇയിലെയും യുഎസ് താവളങ്ങളെയും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങളെയും ഇറാൻ സൈന്യം ആക്രമിച്ചതായി റെവല്യൂഷണറി ഗാർഡ് പറഞ്ഞു.
ഇറാനെതിരെ യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണം ആരംഭിച്ചതോടെ ചെങ്കടലിൽ കപ്പലുകൾക്ക് നേരെയും ഇസ്രയേലിന് നേരെയും മിസൈൽ-ഡ്രോൺ ആക്രമണം പുനരാരംഭിക്കാൻ ഹൂതികൾ തീരുമാനിച്ചു. ഇന്ന് രാത്രിയോടെ ഹൂതികളുടെ ആദ്യ ആക്രമണം ഉണ്ടാകുമെന്ന് ഹൂതി ഉദ്യോഗസ്ഥൻ പറഞ്ഞു. യു.എസുമായി കരാറിലെത്തിയതിന് പിന്നാലെയായിരുന്നു ഹൂതികൾ ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത്. ഒക്ടോബറിൽ ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിന് പിന്നാലയാണ് ഇസ്രയേലിന് നേർക്കുള്ള ആക്രമണത്തിൽ നിന്നും ഹൂതികൾ പിന്മാറിയത്.
അതേസമയം, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും മേഖലയുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കണമെന്നുമാണ് ഇരുവരും ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. ഖത്തറിന് എല്ലാ പിന്തുണയും ഐക്യദാർഡ്യവും സൗദി അറിയിച്ചു