
കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാലിന് പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ അനന്തപുരിയുടെ പൗര സ്വീകരണം നൽകി. തൈക്കാട്, ഭാരത്ഭവൻ ഹൈക്യു തീയേറ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞനും, സംഗീതസംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണൻ ഉപഹാര സമർപ്പണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും ജി. വേണുഗോപാലിന് സ്നേഹാദരവ് സമർപ്പിച്ചു. ജി. വേണുഗോപാലിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പ്രേംസിംഗേഴ്സ് - യശോദ ശബ്ദ തരംഗം നേതൃത്വം നൽകിയ ഗാനമേള സംഗീതസംവിധായകൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ സംസ്ഥാന സെക്രട്ടറി അബൂബക്കർ ബാലരാമപുരം, ധനുഷ്കോടിയിലേക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ ജഹാംഗീർ ഉമ്മർ, അതിൽ അഭിനയിച്ച ആദർശ് ഷാനവാസ്, കുമാരി. ഗൗരി കൃഷ്ണ, ഫിലിം പിആർഒ അജയ് തുണ്ടത്തിൽ, പ്രമുഖ പ്രോഗ്രാം അവതാരകൻ എം. എച്ച്. സുലൈമാൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതവും, പ്രേംസിംഗേഴ്സ് ട്രഷറർ ഡോ. ഗീതാ ഷാനവാസ് കൃതജ്ഞതയും പറഞ്ഞു. സാഹിത്യകാരി സ്വപ്ന കെ. സുധാകരൻ, പിന്നണിഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, ഗാനരചയിതാവ് അജയ് വെള്ളരിപ്പണ തുടങ്ങിയവർ സംബന്ധിച്ചു.