+91 9895 915 569
Email

കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി

03/11/2026


വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ആദ്യ ഇറക്കുമതി കണ്ടെയ്നറിന് അഡ്വ. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി സബ്രിന 111 കപ്പലിൽ എത്തിയ കണ്ടെയ്നറിന്റെ ഔദ്യോഗിക സ്വീകരണം, പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്. വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമതി സൗകര്യം ആരംഭിച്ചതോടെ കേരളത്തിലെ ഇറക്കുമതിക്കാർക്ക് ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലെത്തിക്കാനാകും. മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യത്തിന് ഇതോടെ മാറ്റമുണ്ടാകും. ചരക്കുനീക്കത്തിലെ സമയവും ചെലവും കുറയ്ക്കുന്നതിനൊപ്പം ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും സാധിക്കും. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ സൗകര്യം വഴിയൊരുക്കും. ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമെന്ന നിലയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. വിഴിഞ്ഞം തുറമുഖവും സംസ്ഥാനവും കൈവരിച്ച അഭിമാനകരമായ നേട്ടമാണിതെന്ന് സ്വീകരണ ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഗേറ്റ്‌വേ ട്രാഫിക് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് വലിയ നേട്ടമാണ്. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുമ്പോഴാണ് നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞത്തെത്തിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന്റെ കവാടമായി വിഴിഞ്ഞത്തെ മാറ്റാനാകുമെന്നും എം. എൽ. എ പറഞ്ഞു. കണ്ടെയ്നർ നീക്കവും ഇൻലാൻഡ് ചരക്കുഗതാഗതവും സജീവമാകുന്നതോടെ ലോജിസ്റ്റിക്സ് കമ്പനികളുടെ വരവും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും ഹോസ്പിറ്റാലിറ്റി, ഗതാഗത മേഖലകളിലെ വികസനവും സാധ്യമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ സംരംഭകർ രംഗത്തുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തിക്കുന്നതിന് മുൻകൈയെടുത്ത യുവസംരംഭകരുടെ പരിശ്രമത്തെ എം.എൽ.എ പ്രത്യേകം അഭിനന്ദിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy