+91 9895 915 569
Email

പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റാഗ്രാം ചാറ്റ്... പതിനേഴുകാരനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി!

03/11/2026


തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ... പിന്നാലെ പെൺകുട്ടിയുടെ ശബ്ദത്തിലെത്തിയ ഫോൺവിളി. സുഹൃത്തിനെ കാണാനെന്ന വിശ്വാസത്തിൽ വീട്ടിൽ നിന്നിറങ്ങിയ പതിനേഴുകാരൻ ഒടുവിൽ എത്തിയത് മരണത്തിലേക്ക്. തിരുവനന്തപുരം പാങ്ങപ്പാറയിൽ പതിനേഴുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പതിനേഴും പത്തൊൻപതും വയസ്സുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ എം.ഡി. അഭിരാമാണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന അഭിരാമിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. പ്രതിയായ പതിനേഴുകാരന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ പെൺകുട്ടിയുമായി അഭിരാം സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചും പെൺകുട്ടിയുടെ ശബ്ദത്തിൽ സംസാരിച്ചും അഭിരാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സുഹൃത്തിനെ കാണാനാണെന്ന് വീട്ടുകാരോട് പറഞ്ഞ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. രാത്രി വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. ഉടൻ തിരിച്ചെത്തുമെന്നായിരുന്നു അഭിരാം അറിയിച്ചത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തരായ വീട്ടുകാർ പോലീസിൽ പരാതി നൽകി. അഭിരാമിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയവുമായി ബന്ധപ്പെട്ട തർക്കവും ഇൻസ്റ്റാഗ്രാം വഴിയുള്ള ചതിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. മറ്റുള്ളവരുടെ പങ്കാളിത്തമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെയും സന്ദേശങ്ങളിലൂടെ അടുപ്പം സ്ഥാപിക്കുന്നവരെയും കണ്ണടച്ച് വിശ്വസിക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങളുടെ ഭീകരമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥിയുടെ ജീവനെടുത്ത ഈ ക്രൂരകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy